സൈക്കോളജി കോഴ്സ് വിവരങ്ങൾ & സാദ്ധ്യതകൾ

മനുഷ്യ മനസ്സ്, മസ്തിഷ്ക്കം, പെരുമാറ്റം എന്നിവയെക്കുറിച്ചുള്ള ശാസ്ത്രീയ പഠന മേഖലയാണ് സൈക്കോളജി അഥവാ മനഃശാസ്ത്രം. സൈദ്ധാന്തികവും പ്രായോഗികവുമായ അനേകം വസ്തുതകളിൽ നിലയുറപ്പിച്ചിരിക്കുന്ന ഈ സാമൂഹിക-ശാസ്ത്ര പഠന ശാഖ വ്യക്തികളുടെ ദൈനംദിന ജീവിത പ്രശ്നങ്ങളും മാനസിക അസ്വസ്ഥതകളുമുൾപ്പെടെ ഒട്ടേറെ മേഖലകളിൽ വെളിച്ചം വീശുന്നു. മുൻകാല സാഹചര്യങ്ങളിൽ നിന്ന് വിഭിന്നമായി അനേകം വിദ്യാർഥികൾ സൈക്കോളജി ഉന്നത വിദ്യാഭ്യാസത്തിനു പരിഗണിക്കുന്ന ഒരു സാഹചര്യം ആണ് ഇപ്പോൾ നിലവിലുള്ളത്. തീർച്ചയായും പ്രശംസനീയമായ ഒരു മാറ്റമാണ് ഇതെങ്കിലും, പലരും ഈ മേഖലയെ കുറിച്ച് ആഴത്തിൽ അറിയാതെയാണ് ഇത് തിരഞ്ഞെടുക്കുന്നത് എന്ന് സൂചിപ്പിക്കാതെ വയ്യ. സൈക്കോളജി പഠിക്കാനായി ഇറങ്ങി തിരിക്കുന്നതിന് മുൻപ് മനസ്സിലാക്കേണ്ടുന്ന ചില കാര്യങ്ങൾ ഇവിടെ കുറിക്കുകയാണ്. 

സമകാലീന സമൂഹം നേരിടുന്ന ഏറ്റവും വലിയൊരു പ്രതിസന്ധി വർധിച്ചു വരുന്ന മാനസിക സമ്മർദ്ദം ആണെന്നിരിക്കെ, നല്ല വരുമാനം ലഭിച്ചേക്കാവുന്ന ഒരു മേഖലയാണ് എന്നത് മാത്രം കരുതി സൈക്കോളജി തിരഞ്ഞെടുക്കാതിരിക്കുക. സാമ്പത്തികവും സാമൂഹികവും ആയ അഭ്യുന്നതി എന്നതിനപ്പുറം മാനവിക മൂല്യങ്ങൾ മുറുകെപ്പിടിക്കുന്ന സൈക്കോളജിസ്റ്റുകളെയാണ് ഇന്നത്തെ തലമുറക്ക് വേണ്ടത്.
 
സാമൂഹിക പ്രതിബദ്ധതയും, കർമ്മ മേഖലയുടെ നീതി ശാസ്ത്ര സംഹിതയും (ethics) ഒരുപോലെ മനസ്സിൽ സൂക്ഷിച്ചു പ്രവർത്തിക്കുമ്പോഴാണ് ഒരു നല്ല സൈക്കോളജിസ്റ് പിറവിയെടുക്കുന്നത്. ചുറ്റുമുള്ളവരുടെ പ്രശ്നങ്ങൾ സമഗ്രമായി പഠിക്കുക എന്നതിനോടൊപ്പം തന്നെ സമാനുഭവം അഥവാ എമ്പതിയോട് (empathy) കൂടി അവരോട് ഇടപഴകാനും, പ്രശ്നങ്ങൾ സമചിത്തതയോടെ നേരിടാൻ അവരെ പ്രാപ്തരാക്കാനും, കഴിയുമ്പോഴാണ് അയാളുടെ യാത്ര അർത്ഥ പൂർണമാകുന്നത്. അതുകൊണ്ടു തന്നെ, സ്വന്തം ലക്‌ഷ്യം എന്താണെന്ന് മനസ്സിലാക്കിയതിനു ശേഷം മാത്രം ഈ മേഖല തിരഞ്ഞെടുക്കുക. 
 
മൈൻഡ് റീഡിങ്, മെന്റലിസം എന്നിവയെല്ലാം സൈക്കോളജിയുടെ ഭാഗമാണെന്ന് കരുതി പലരും പ്ലസ് ടു വിന് ശേഷം ഡിഗ്രി സൈക്കോളജി എടുക്കുന്നുണ്ട്. പല സിനിമകളിലും കാണുന്ന സൈക്കോളജിസ്റ്റിനെ മനസ്സിൽ കണ്ടിട്ടാണ് പലരും സൈക്കോളജി തിരഞ്ഞെടുക്കുന്നത്. പക്ഷെ സിനിമയിൽ കാണുന്നത് ഒന്നുമല്ല യഥാർത്ഥ സൈക്കോളജിയെന്ന് മനസ്സിലാക്കിയാൽ മിക്കവരിലും ഈ വിഷയം പഠിക്കാനുള്ള ആവേശവും ആഗ്രഹവും കുറയുന്നത്‌ കാണാം.

കോഴ്സ് വിവരങ്ങൾ

ഇന്ത്യയിൽ, പ്ലസ്-ടു പഠനത്തിന് ശേഷം, യു. ജി. സി. അംഗീകൃതമായ ഒരു കോളേജിൽ  നിന്നുള്ള മൂന്നു വർഷ ബിരുദമാണ് (BA / B.Sc ) ഈ മേഖലയിലേക്കുള്ള ആദ്യ ചുവടുവെപ്പ് (പുതിയ നാഷണൽ എഡ്യൂക്കേഷൻ പോളിസിക്ക് അനുസരിച്ച്  ബിരുദ കാലാവധിക്ക് വ്യത്യാസം വന്നേക്കാം). തുടർന്ന് യു. ജി. സി. അംഗീകൃതമായ കോളേജിൽ നിന്നോ സർവകലാശാലയിൽ നിന്നോ റെഗുലർ സമ്പ്രദായത്തിൽ രണ്ടു വർഷത്തെ ബിരുദാന്തര ബിരുദം (MA / M.Sc ) പൂർത്തിയാക്കിയാൽ Consultant Psychologist ആയി പ്രാക്ടീസ് ചെയ്യാനാകും. റിസർച്ച് പ്രൊജക്റ്റ്, ക്ലിനിക്കൽ ഇന്റേൺഷിപ്, പ്രാക്ടിക്കൽസ്  തുടങ്ങിയവ നിർബന്ധമായും പഠനത്തിൽ ഉൾപെട്ടിരിക്കണം.
 
മനഃശാസ്ത്ര രംഗത്തെ പരമോന്നത ഉപദേശക സമിതി ആയി പ്രവർത്തിക്കുന്ന Rehabilitation Council of India (RCI) യുടെ നിയമ പ്രകാരം ഒരു Clinical  Psychologist ആയി പ്രവർത്തിക്കണം എങ്കിൽ രണ്ടു വർഷത്തെ M.Phil  ക്ലിനിക്കൽ സൈക്കോളജി കോഴ്സ് കൂടി പൂർത്തീകരിച്ച് CRR നമ്പർ ഉള്ള ഒരു ലൈസൻസ് കരസ്ഥമാക്കേണ്ടതാണ്. തുടർപഠനത്തിന്‌ താല്പര്യം ഉള്ളവർക്ക് M.Phil (പുതിയ നയത്തിന് വിധേയമായി മാറ്റങ്ങൾ സംഭവിച്ചേക്കാം) , Ph.D, Post Doctoral തുടങ്ങിയ അവസരങ്ങൾ  പരിഗണിക്കാം.   

തൊഴിൽ അവസരങ്ങൾ

അധ്യാപനം, ഗവേഷണം, ആതുര ചികിത്സ എന്നീ മേഖലകളിൽ  സൈക്കോളജി വിദ്യാർത്ഥികൾക്ക് ഒട്ടനവധി അവസരങ്ങൾ (ഇന്ത്യയിലും വിദേശത്തും) ലഭ്യമാണ്. ക്ലിനിക്കൽ സൈക്കോളജി, ന്യൂറോസൈക്കോളജി, റീഹാബിലിറ്റേഷൻ സൈക്കോളജി, എഡ്യൂക്കേഷൻ സൈക്കോളജി, ബിസിനസ് / ഇൻഡസ്ട്രിയൽ സൈക്കോളജി, ചൈൽഡ് സൈക്കോളജി തുടങ്ങിയ അറിയപ്പെടുന്ന വൈദഗ്ധ്യ മേഖലകൾക്ക് പുറമെ, സ്പോർട്സ് സൈക്കോളജി, സൈക്കോ-ഓൺകോളജി (കാൻസർ സംബന്ധമായ മാനസിക അസ്വസ്ഥതകൾ), സൈക്കോ-ഗൈനെക്കോളജി (സ്‌ത്രീരോഗ സംബന്ധമായ മാനസിക അസ്വസ്ഥതകൾ) എന്നിവയും നൂതനമായ സാദ്ധ്യതകൾ ഉറപ്പു വരുത്തുന്നു.
 
മുകളിൽ പറഞ്ഞതു പോലെ, മനുഷ്യ മനസ്സുകളെ ആഴത്തിൽ അറിയാനും മനസ്സുറപ്പോടു കൂടി സേവനം ചെയ്യാനും ആഗ്രഹിക്കുന്ന ഒരു വ്യക്തി ആണ് നിങ്ങളെങ്കിൽ, തീർച്ചയായും സൈക്കോളജി തിരഞ്ഞെടുക്കൂ!
 
 
തയ്യാറാക്കിയത് :

1. Mr.ദേവപ്രമോദ് വി. ബി, കൺസൾട്ടന്റ് സൈക്കോളജിസ്റ് & ബിഹേവിയർ തെറാപ്പിസ്റ്റ്  , ഐക്കോൺസ്, ഷൊർണൂർ,

https://www.facebook.com/askthepsychologistvbd/

2. Ms. നസ്മിൻ കെ എ, M.Sc psych.

3. Mr. സുഹൈൽ ടി എ, അഡ്മിനിസ്ട്രേറ്റർ (edutalks.org).

https://www.mindgurulive.com/

 

 

സമാന ലേഖനങ്ങൾ
കേരളത്തിലെ സ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ് പരീക്ഷകൾ
കേരളത്തിലെ ദേശീയ പ്രാധാന്യമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ
ഓഡിയോളജി, സ്പീച് ലാംഗ്വേജ് പാത്തോളജി – പാരാമെഡിക്കൽ കോഴ്സ്: സാദ്ധ്യതകൾ
ഫിസിയോതെറാപ്പി- കോഴ്സ് വിവരങ്ങൾ & സാദ്ധ്യതകൾ


Leave a Reply

Your email address will not be published. Required fields are marked *