ഓഡിയോളജി ആന്റ് സ്പീച് ലാംഗ്വേജ് പാത്തോളജി – പാരാമെഡിക്കൽ കോഴ്സ്: സാദ്ധ്യതകൾ

പാരാമെഡിക്കൽ കോഴ്സുകളിൽ വളരെയേറെ പ്രാധാന്യമർഹിക്കുന്ന ഒരു കോഴ്സ് ആണ് ഓഡിയോളജി ആന്റ് സ്പീച്  ലാംഗ്വേജ് പാത്തോളജി (BASLP ഡിഗ്രി കോഴ്സ്). സംസാര, കേൾവി,  ഭാഷ പ്രശ്നങ്ങൾ തുടങ്ങിയ ആശയ വിനിമയ വൈകല്യമുള്ളവരെ  പരിശോധിക്കുകയും അവർക്കു ആവശ്യമായ പരിശീലനം (തെറാപ്പി) നൽകുകയും അനുയോജ്യമായ സഹായ ഉപകരണങ്ങൾ നിർദ്ദേശിക്കുകയും ചെയ്യുക എന്നതാണ് ഒരു സ്പീച് പാത്തോളജിസ്റ് ചെയ്യുന്നത്. ഒരു വർഷത്തെ ഇന്റേൺഷിപ്പോടു കൂടിയുള്ള 4 വർഷ  ഡിഗ്രി (BASLP) കോഴ്സ് പൂർത്തിയാക്കിയാൽ  സ്വന്തമായി ക്ലിനിക് സ്ഥാപിക്കുകയോ ഇന്ത്യയിലും വിദേശത്തുമുള്ള ഹോസ്പിറ്റൽ/ ക്ലിനിക്കുകളിൽ  ജോലി ചെയ്യുവാനോ ഉള്ള അവസരം ലഭിക്കും. പൂർണമായും പ്രാക്ടിക്കൽ രീതികളിലൂടെ രോഗികൾക്കുള്ള തെറാപ്പി സെഷനുകൾക്ക്  പ്രാധാന്യം നൽകിക്കൊണ്ടുള്ള കോഴ്സ് ആണ് ഓഡിയോളജി ആന്റ് സ്പീച് ലാംഗ്വേജ് പാത്തോളജി. 
 
തൊഴിൽ സാദ്ധ്യതകൾ: ആശുപത്രികൾ , സ്പെഷ്യൽ സ്കൂളുകൾ, സ്പീച്ച്, ശ്രവണ ഉപകരണങ്ങൾ(ഹിയറിങ് എയ്ഡ്) നിർമിക്കുന്ന കമ്പനികൾ , ഭിന്നശേഷിക്കാർക്ക്  വേണ്ടി പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനങ്ങൾ,  സ്വന്തം ക്ലിനിക്, അധ്യാപനം, റിസർച്ച്.
 
കോഴ്സ് വിവരങ്ങൾ: പ്രധാന വിഷയങ്ങൾ: ഓഡിയോളജി, സ്പീച്ച് ലാംഗ്വേജ് പാത്തോളജി, അനാട്ടമി, ഫിസിയോളജി, ഇഎൻടി, സ്പീച്ഹിയറിങ് ടെക്നോളജി.  ഭാഷാശാസ്ത്രം, മനശാസ്ത്രം, സ്റ്റാറ്റിസ്റ്റിക്‌സ്, ജനറ്റിക്‌സ്, മുതലായവ.
അവസാന വർഷത്തെ ഇന്റേൺഷിപ്പിൽ  വിദ്യാർത്ഥികളെ  ഇൻസ്റ്റിറ്റ്യൂട്ടിനകത്തും പുറത്തുമുള്ള വിവിധ ഹോസ്പിറ്റൽ / ക്ലിനിക്കുകളിൽ പോസ്റ്റിങ്ങ്‌ ഉണ്ടാകും. 
ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ചുള്ള  പ്രാക്ടിക്കൽ സെഷനുകൾ, സെമിനാർ/കോൺഫറൻസ് പ്രബന്ധങ്ങളുടെ അവതരണങ്ങൾ തുടങ്ങിയവയും കോഴ്സിന്റെ ഭാഗം ആണ്‌. 
 

അഡ്‌മിഷൻ  വിവരങ്ങൾ

യോഗ്യത : പ്ലസ്ടു (സയൻസ്) – 50% മാർക്ക്
ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങൾ പഠിച്ചിരിക്കണം.
 
BASLP ഡിഗ്രി പ്രവേശനം എൽ‌ബി‌എസ്(LBS) സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി നടത്തുന്ന കേന്ദ്രീകൃത അലോട്മെന്റ് മുഖാന്തരമാണ്. ഓൺലൈൻ ആയി അപേക്ഷ അപേക്ഷ സമർപ്പിക്കണം. പ്ലസ്ടു മാർക്കിന്റെ അടിസ്ഥാനത്തിൽ സെലക്ഷൻ ലഭിക്കും.

 

കോളേജ് വിവരങ്ങൾ

കേരള ഗവൺമെന്റിന്റെ കീഴിലുള്ള സ്ഥാപനങ്ങളായ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കമ്മ്യൂണിക്കേറ്റീവ് ആൻഡ് കോഗ്നിറ്റീവ് ന്യൂറോ സയൻസസ് (ICCONS) ഷൊർണൂർ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (NISH) തിരുവനന്തപുരം,  എന്നിവ BASLP ഡിഗ്രി കോഴ്‌സ് നടത്തുന്നു.

സ്വകാര്യമേഖലയിൽ AWH സ്പെഷ്യൽ കോളേജ് കോഴിക്കോട്, മാർത്തോമാ കോളേജ് ഓഫ് സ്പെഷ്യൽ എഡ്യൂക്കേഷൻ  കാസർഗോഡ് , അമൃത വിശ്വ വിദ്യാപീതം കൊച്ചിബേബി മെമ്മോറിയൽ കോളേജ് ഓഫ് അലൈഡ് മെഡിക്കൽ സയൻസസ് കോഴിക്കോട് , രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് കാസർഗോഡ്  എന്നീ സ്ഥാപനങ്ങളും  BASLP കോഴ്സ് നടത്തുന്നു.

കേന്ദ്ര ഗവണ്മെന്റിന്റെ കീഴിലുള്ള   ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (AIISH) മൈസൂർ BASLP കോഴ്സ് നടത്തുന്ന മുൻനിര സ്ഥാപനങ്ങളിലൊന്നാണ്.

 

കടപ്പാട് : നിഷ എം. എൽ.
ഹെഡ്, ഓഡിയോളജി ആൻഡ് സ്പീച് ലാംഗ്വേജ് പാത്തോളജി ഡിപ്പാർട്മെൻറ്, ഐക്കോൺസ് ഷൊർണൂർ 

തയ്യാറാക്കിയത് : സുഹൈൽ ടി എ